Saturday, June 4, 2011

പ്രാര്‍ഥന ദൈവത്തിനു വിട്ടുകൊടുക്കുക....



പ്രാര്‍ഥനയിലൂടെ എല്ലാറ്റിനും പരിഹാരം കണ്‍ടിരുന്ന ഒരു ഭക്തസന്യാസിയുടെ കാര്യമാണ് പറയാന്‍ പോകുന്നത്. ഒരിക്കല്‍ അദ്ദേഹം എണ്ണയ്ക്കു വേണ്‍ടി കുറെ ഒലിവു തൈകള്‍ നട്ടു. ഇളം തൈകള്‍ നട്ടശേഷം ദൈവത്തോട് മഴക്കായി പ്രാര്‍ഥിച്ചു. ദൈവം പ്രാര്‍ത്ഥനകേട്ട് മഴ പെയ്യിച്ചു. സന്യാസിക്കു സന്തോഷമായി. പിന്നെ ചിന്തിച്ചു, മഴ മാത്രം പോര, വെയിലും വേണമല്ലൊ. അപ്പോള്‍ അതിനായി പ്രാര്‍ഥിച്ചു. ദൈവമേ മഴമാറ്റി സൂര്യപ്രകാശം നല്‍കേണമേ. ദൈവം പ്രാര്‍ഥനകേട്ടു, നല്ല ചൂടുള്ള പ്രകാശം നല്കി. സൂര്യന്റെ ചൂടിനാല്‍ ആ തളിരിലകള്‍ വാടിപ്പോകുമോ എന്നയാള്‍ ഭയപ്പെട്ടു. വീണ്‍ടും ദൈവത്തോട് പ്രാര്‍ഥിച്ചു: ദൈവമേ, രാത്രിയില്‍ കുളിര്‍മ്മയുള്ള മഞ്ഞുപെയ്യിക്കണമേ. ദൈവം അതും ചെയ്തുകൊടു­ത്തു.


അദ്ദേഹം കിടന്നുറങ്ങി രാവിലെ എഴുന്നേറ്റു തന്റെ ഒലിവു തൈകളെ നോക്കിയപ്പോള്‍ അവയെല്ലാം വാടി ഉണങ്ങിപ്പോയിരിക്കുന്നതു കണ്‍ടു. തന്റെ അധ്വാനവും പ്രാര്‍ഥനകളുമെല്ലാം വൃഥാവായല്ലോ എന്നോര്‍ത്ത് ദുഖിച്ചിരിക്കുമ്പോള്‍ തന്റെ ഒരു സ്‌നേഹിതന്‍ അതുവഴിവന്നു. താന്‍ നട്ട ഒലിവു തൈകളുടെ കാര്യവും പ്രാര്‍ഥിച്ച് മഴയും വെയിലും മഞ്ഞും പെയ്യിച്ചതും പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു ഞാനും കഴിഞ്ഞ ദിവസം കുറെ ഒലിവു തൈകള്‍ നട്ടിരുന്നു. അവയെല്ലാം നന്നായി വളരുന്നുണ്‍ട്. ഞാന്‍ അവ നട്ടശേഷം ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു സകലത്തെയും തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്ന ദൈവമേ അവിടുന്നു ഈ തൈകളെയും അവക്കുക്കുവേണ്‍ടതൊക്കെയും നല്കി പരിപാലിക്കേണമേ. അതിന്റെ സംരക്ഷണം മുഴുവനും ഞാന്‍ ദൈവത്തിനു വിട്ടുകൊടുത്തു; അതുകൊണ്‍ട് അവ നന്നായി വളരുന്നു. പരിമിതപ്രജ്ഞനായ മനുഷ്യനെക്കാള്‍ സകലത്തിന്റെയും സൃഷടാവായ ദൈവത്തിനു അവയെ എങ്ങനെ പരിപാലിക്കണമെന്നു നന്നായറിയാം. അതിന്റെ ആവശ്യങ്ങള്‍ അവിടുന്നു നന്നായ് അറിയു­ന്നു.

ആരും അധ്വാനിക്കാതെ വിയര്‍പ്പൊഴുക്കാതെ വയലിലെ താമരകളെ ഭംഗിയായി അണിയിച്ചൊരുക്കുകയും ആകാശത്തിലെ പറവകളെ പരിപാലിക്കുകയും ചെയ്യുന്ന ദൈവം എത്ര ചന്തമായി അവയെയെല്ലാം പോറ്റുന്നു!. നമ്മള്‍ വിചാരപ്പെടുന്നതുകൊണ്‍ട് ഒരു പ്രയോജനവുമില്ല, നമ്മുടെ പ്രശ്‌നങ്ങള്‍ വിശ്വാസത്തോടെ ദൈവത്തിന്റെ കൈയില്‍ ഏല്പ്പിച്ചാല്‍ അവിടുന്ന് അവ നന്നായി നിവര്‍ത്തി­ക്കും.

“”വയലിലെ താമര എങ്ങനെ വളരുന്നുരുന്നു എന്നു നിരൂപിപ്പിന്‍; ...ശലോമോന്‍ പോലും തന്റെ സര്‍വ്വ മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കില്‍, അല്‍പവിശ്വാസികളേ നിങ്ങളെ എത്ര അധികം.”” മത്തായി.6:28, 30.

നമ്മളില്‍ പലരുടെയും പ്രാര്‍ഥനകളും ഈ സന്യാസിയെപ്പോലെ ദൈവത്തിനു ബുദ്ധി പറഞ്ഞുകൊടുക്കുന്ന തരത്തിലുള്ളതല്ലേ? ആവര്‍ത്തിച്ച് പ്രാര്‍ഥിക്കുമെങ്കിലും വിശ്വാസത്തോടെ അക്കാര്യം പൂര്‍ണ്ണമായി ദൈവത്തില്‍ ഏല്‍പ്പിക്കാതെ നാം തന്നെ അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കയല്ലേ ചെയ്യുന്നത്? എന്നാല്‍ സകലവും നന്നായി ചെയ്യുന്ന ദൈവകരങ്ങളില്‍ വിഷയങ്ങള്‍ വിട്ടുകൊടുത്താല്‍ അവിടുന്ന് അതു ഭംഗിയായി നിറവേറ്റും.



No comments:

Post a Comment